കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളുടെ മൊഴി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ അന്വേഷണസംഘം കോടതിയെ സമീപിക്കും. സാക്ഷികളുടെ മൊഴി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ സാക്ഷികള്‍ കോടതിയില്‍ വരാന്‍ വൈമനസ്യം കാണിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കേസിലെ കുറ്റപത്രം ചർച്ച ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. സാക്ഷികളുടെ പേരുകൾ ചർച്ച ചെയ്യപ്പെട്ടാൽ അവർ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. സിആർപിസി 327 (32) പ്രകാരമാണ് അപേക്ഷ നൽകിയിരിക്കുന്നത്.
അടുത്ത ദിവസം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊച്ചിയില്‍ ‘അമ്മ’ നടത്തിയ താര നിശയ്ക്കിടെ ദിലീപ് നടിയെ നേരിട്ടു ഭീഷണിപ്പെടുത്തിയെന്നും നടന്‍ സിദ്ദിഖ് ഇതിനു ദൃക്‌സാക്ഷിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നെന്നാണു റിപ്പോര്‍ട്ട്. സിദ്ദിഖും നടിയെ താക്കീത് ചെയ്‌തെന്നാണു വിവരം. പോലീസ് സമര്‍പ്പിച്ച 18 പേജുള്ള പുതിയ കുറ്റപത്രത്തിലാണ് ഈ വിവരം. കേസില്‍ ദിലീപിനെതിരേ ആദ്യം മൊഴി നല്‍കിയത് നടിയുടെ സഹോദരനാണ്. പള്‍സര്‍ സുനി പണം തട്ടാന്‍ വേണ്ടി ചെയ്തതാണെന്ന രീതിയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടിയുടെ സഹോദരന്‍ ഇക്കാര്യത്തിലുള്ള സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം.
.
ദിലീപിനെ എട്ടാം പ്രതിയാക്കിയും മുൻ ഭാര്യ മ‍ഞ്ജു വാരിയരെ പ്രധാന സാക്ഷിയാക്കിയും ചൊവ്വാഴ്ചയാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. അന്നുതന്നെ കുറ്റപത്രത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിനംപ്രതി വാർത്തകളും പുറത്തുവരുന്നുണ്ട്. സാക്ഷികളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതിനാൽ ഈ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട ചർച്ചകളും മറ്റും മാധ്യമങ്ങൾ നടത്തരുതെന്നാണു പൊലീസിന്റെ ആവശ്യം. കുറ്റപത്രം ഫയലിൽ സ്വീകരിക്കുന്നതിനു മുൻപുള്ള പരിശോധനകൾ നടുത്തുകയാണു കോടതി. ഫയലിൽ സ്വീകരിക്കുന്നതിനു മുൻപ് കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു.

കേസില്‍ എട്ടാം പ്രതിയായ ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടെന്നും കൃത്യത്തിന് പിന്നില്‍ ദിലീപാണെന്ന് വിശ്വസിക്കുന്നതായും ഇക്കാര്യത്തില്‍ കൂടി അന്വേഷണം നടത്തണമെന്നും നടിയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. ദിലീപിന് പള്‍സര്‍ സുനി അയച്ച കത്തു കൂടി പുറത്തു വന്നതോടെയാണ് പോലീസിന് സംശയം ബലപ്പെട്ടതും ദിലീപിനെതിരേ അന്വേഷണം തുടങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.

കൊച്ചിയില്‍ മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിക്കിടെ കാവ്യാമാധവനുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടിയുമായി ദിലീപ് നടത്തിയ വാക്കേറ്റത്തിന് സാക്ഷികളായ സിദ്ദിഖിനെ ഉള്‍പ്പെടെയുള്ളവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോയ്ക്കിടയില്‍ കാവ്യാമാധവനെക്കുറിച്ച് സംസാരിച്ചെന്ന് പറഞ്ഞ് ദിലീപ് നടിയെ ശാസിക്കുകയും വാക്കേറ്റമുണ്ടാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സിദ്ദിഖ് ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ദിലീപിനെ എട്ടാം പ്രതിയാക്കികൊണ്ടുള്ള അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. ദിലീപുള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്.650 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 450 ലധികം രേഖകളാണുള്ളത്. 355 സാക്ഷികളും. നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്ന് 50 സാക്ഷികളാണ് ഉള്ളത്. രണ്ട് മാപ്പ് സാക്ഷികളും കേസിലുണ്ട്. ജയിലില്‍നിന്നും പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പൊലീസുകാരന്‍ അനീഷുമാണ് മാപ്പ് സാക്ഷികള്‍. 22 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
നഗ്‌നവീഡിയോ ചിത്രീകരിച്ചത് നടിയെ പിന്നീടും ദിലീപിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ വേണ്ടിയാണെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. നടിയെ കൂട്ട ബലാത്സംഗം ചെയ്യാനായിരുന്നു നിര്‍ദേശിച്ചിരുന്നതെന്നും നടി പലരുമായി ഇടപഴകുന്നതിന്റെ ദൃശ്യമാണ് വേണ്ടതെന്നും വീഡിയോയില്‍ വിവാഹമോതിരം വ്യക്തമായി കാണണം എന്നും പള്‍സര്‍ സുനിക്ക് ദിലീപ് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഇതിനു സൗകര്യമുള്ള വാഹനവുമായിട്ടാണ് സുനി എത്തിയത്.

കേസില്‍ ചലച്ചിത്ര മേഖലയിലെ അമ്പതോളം പേരെയാണു സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ സ്‌റ്റേജ് ഷോ മുതല്‍ ദിലീപും പള്‍സറും കൂടിക്കാഴ്ച നടത്തിയെന്നു പറയുന്ന തൊടുപുഴയിലെ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷന്‍ വരെയുള്ളിടത്തെ ആളുകളാണ് ഇതിലുള്ളത്. എന്നാല്‍, ഇവരില്‍ എത്രപേര്‍ സാക്ഷി പറയാനെത്തുമെന്ന കാര്യത്തില്‍ പോലീസിന് ആശങ്കയുണ്ട്.

കൂട്ടബലാത്സംഗം അടക്കം 17 കുറ്റങ്ങളാണ് എട്ടാം പ്രതിയായ ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 12 പ്രതികളുണ്ട്.

LEAVE A REPLY